സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്: കേരളത്തിനു വിജയത്തുടക്കം..


സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വിജയത്തുടക്കം. കഴിഞ്ഞ ടൂർണമെൻ്റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് വിജയയാത്ര തുടങ്ങിയത്. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് കേരളം വിജയംനേടിയത്.

കേരളത്തിനായ് പി.ടി. മുഹമ്മദ് റിയാസ്(15), മുഹമ്മദ് അജ്സൽ(20), നസീബ് റഹ്മാൻ(32), ക്രിസ്റ്റി ഡേവിസ്(69) എന്നിവരും ഗോവയ്ക്കായി നീഖൽ ഫെർണാണ്ടസ്(രണ്ട്), ഷുബേർട്ട് ജോനസ് പെരേര(76, 86) എന്നിവരും സ്കോർ ചെയ്തു.

രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും സമ്മർദത്തിനു വഴങ്ങാതെ കളിച്ചതാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്. ആദ്യ പകുതി പിരിയുമ്പോൾ 3-1 എന്ന വ്യക്തമായ ലീഡ് സ്വന്തമാക്കി. 69-ാം മിനിറ്റിൽ ക്രസ്റ്റി ഡേവിഡ് പന്തുമായി ബോക്സിലേക്ക് കയറി ലീഡ് നാലാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായ ഷുബേർട്ട് പെരേരയെ കളത്തിലിറക്കി തിരിച്ചടിക്കാൻ ഗോവ തുടങ്ങി. 76, 86 മിനിറ്റുകളിൽ ഷുബേർട്ട് പെരേര രണ്ടു ഗോളുകൾ നേടി കേരളത്തെ ഞെട്ടിച്ചു. ജയം വഴുതി പോകാതിരിക്കാൻ പന്ത് നിയന്ത്രിച്ച് കേരളം അവസാന നിമിഷങ്ങളെ മറി കടന്നു മൂന്നു പോയിൻ്റ് സ്വന്തമാക്കി.
Previous Post Next Post