![](https://140news.in/wp-content/uploads/2024/12/Screenshot-2024-12-01-185937.png)
കൃഷ്ണപുരം പാലസ് വാർഡിൽ വീടിന് തീപടർന്ന് ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ട സംഭവത്തിൽ മരിച്ചത് കരുനാഗപ്പള്ളി തൊടിയൂർ വേങ്ങര സിന്ധു നിവാസിൽ രമേശ് കുമാറിന്റെ ഭാര്യ സിന്ധുവാണെന്നു(48) തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിഞ്ഞെങ്കിലും മൃതദേഹം പൂർണമായും കത്തിയ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ആധികാരികത ഉറപ്പിക്കാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി.പാലസ് വാർഡിൽ സരളാമണി താമസിക്കുന്ന കിഴക്കേവീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സരള ഈ വീട്ടിൽ പകൽ മാത്രമേ കഴിയാറുള്ളൂ. സരളയുടെ സഹോദരന്റെ ഭാര്യയാണ് സിന്ധു. സരള ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് താമസം. സരള തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ കഴകജോലി കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കതക് പൂട്ടാനാണ് കിഴക്കേവീട്ടിൽ എത്തിയത്. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. സമീപവാസികളെ വിളിച്ചു വരുത്തി കതക് ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.