കന്യാസ്ത്രീ മഠത്തിൽ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞു കൊന്നതായി കേസ്; വൈദിക വിദ്യാർത്ഥി പിടിയിലെന്നും റിപ്പോർട്ട്..പതിനെട്ടുകാരി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം.



ആന്ധ്ര എലുരുവിലെ സെൻ്റ് ജോസഫ് കോൺവെൻ്റ് ഹോസ്റ്റലിൽ പതിനെട്ടുകാരി പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം. കൂർണൂൽ സ്വദേശിയായ പെൺകുട്ടി ഇൻ്റർമീഡിയറ്റ് വിദ്യാർഥിയാണ്. ജനിച്ച് മിനിറ്റുകൾ മാത്രം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത പുരയിടത്തിൽ കണ്ടെത്തിയതോടെ പോലീസ് അന്വേഷിക്കുകയായിരുന്നു. മഠത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന യുവതി ഇവിടെ കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്നു എന്നാണ് വിവരം.

നവജാത ശിശുവിനെ കോൺവെൻ്റ് കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കണ്ടതായി തൊട്ടടുത്ത അപാർട്ട്മെൻ്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്. എലുരു സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ കുട്ടിയെ എറിഞ്ഞത് കോൺവെൻ്റ് കെട്ടിടത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. അവശനിലയിലായ അമ്മയെ എലുരു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

കോൺവെൻ്റിൽ കന്യാസ്ത്രീയാകാൻ പരിശീലനം നേടുന്ന പെൺകുട്ടിക്ക് ഒരു വൈദിക വിദ്യാർത്ഥിയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ. കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചതാണോ അതോ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് എറിഞ്ഞതിൻ്റെ ആഘാതത്തിൽ മരിച്ചതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.

നിലവിൽ 18 വയസും ഒരു മാസവും പ്രായമുള്ള പെൺകുട്ടി, പ്രായപൂർത്തിയാകും മുൻപാണ് പീഡനത്തിന് ഇരയായത് എന്നാണ് പോലീസ് നിഗമനം. അതിനാൽ പോക്സോ കേസും രജിസ്റ്റർ ചെയ്യും. ഇതിൽ വൈദിക വിദ്യാർത്ഥിയെ പ്രതി ചേർത്തേക്കും. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞില്ല എന്നാണ് കോൺവെൻ്റ് അധികൃതർ പറയുന്നത്. എന്നാൽ പ്രസവസമയം വരെ അതിന് എങ്ങനെ കഴിഞ്ഞുവെന്നാണ് പോലീസിൻ്റെ സംശയം. ആശുപത്രിയിൽ ആയതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Previous Post Next Post