തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. കെപിസിസി പുനഃസംഘടിപ്പിക്കും. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന.
കെ സുധാകരന്‍ ഒഴിഞ്ഞാല്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പേരാണ്. എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നില്‍. കഴിഞ്ഞ ടേമിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു.
യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എംപി, ആന്റോ ആന്റണി എംപി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കം.