അബ്ദുൾ സലാം കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്…




കാസർകോട് : കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായ കാസർകോട് മൊഗ്രാലിൽ അബ്ദുൾ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. ആറ് പ്രതികൾ കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 2017 ഏപ്രിൽ 30 ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുൽ സലാമിനെ മൊഗ്രാൽ മാളിയങ്കര കോട്ടയിൽ വച്ച് കഴുത്തറുത്ത് കൊന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്ബോൾ കളിച്ചുവെന്നാണ് കുറ്റപത്രം.കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കരകോട്ടയിലെ ലത്തീഫ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. ജഡ്ജി കെ പ്രിയയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിക്കുക. അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല ഉപയോഗിച്ച് ഫുട്ബോൾ കളിച്ചുവെന്നാണ് കുറ്റപത്രം. പൊലീസിന് വിവരം നൽകി സിദ്ദീഖിന്റെ മണൽ ലോറി സലാം പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതും ആണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. കൊല്ലപ്പെട്ട സലാമും കൊലപാതക കേസ് പ്രതിയായിരുന്നു. 53 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളുമടക്കം 16 തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. കുമ്പള സി ഐയായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡി വൈ എസ് പി മനോജ് വി വിയാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Previous Post Next Post