മാവേലിക്കര – ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എ.ബി.വി.പി പ്രവർത്തകൻ വിശാൽ വധക്കേസിലെ പ്രതിയായ പത്മാലയം ഷെഫീക്കിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. കേസിലെ സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ മുഖേന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ കെ.ബി.പ്രഭുല്ലചന്ദ്രനാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി.പൂജ മുമ്പാകെ ഹർജി ഫയൽ ചെയ്തത്.
കേസിലെ അഞ്ചാം പ്രതിയായ ഷഫീക്ക് ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ മനപൂർവ്വമായിത്തന്നെ ലംഘിച്ചുവെന്നും തുടർന്നും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇയാൾക്കെതിരെ നൂറനാട് പൊലിസ് അടുത്തയിടെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇപ്രകാരമുള്ള പ്രതിക്ക് ജാമ്യത്തിൽ തുടരുവാനുള്ള അവകാശമില്ലെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കൽ ചൂണ്ടിക്കാട്ടി. കേസ് ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
2012 ജൂലൈ പതിനാറാം തീയതി കോളേജിലെ നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാൽ ഉൾപ്പെടെയുള്ളവരെ മുൻകൂട്ടി തീരുമാനിച്ച പദ്ധതി പ്രകാരം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ വിശാലിൻ്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികൾ മുറിവേൽപ്പിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്.
സംഭവത്തിൽ ഗുരുതരമായി പരിക്കുപറ്റിയ വിശാൽ അന്നു രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് തുടർന്ന് ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചത്. കേസിൽ സംഭവകാലത്ത് പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ 20 പ്രതികൾക്ക് എതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിരുന്നത്.