ചെന്നിത്തലയോടുള്ള പിണക്കം മറന്ന് എൻ.എസ്.എസ്; മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ


കോട്ടയം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോടുള്ള പിണക്കം മറന്ന് നായർ സർവീസ് സൊസൈറ്റി. ജനുവരി രണ്ടിന് പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ ചെന്നിത്തലയാണ് മുഖ്യപ്രഭാഷകൻ. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവരെ തഴഞ്ഞ് എൻ.എസ്.എസ് നോട്ടീസിറക്കി. എന്നും അകന്നു കഴിയേണ്ടതില്ലെന്നും എൻ.എസ്.എസ് ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

താക്കോൽദാന വിവാദത്തെ തുടർന്നാണ് ചെന്നിത്തലയും എൻ.എസ്.എസും തമ്മിൽ അകന്നത്. പിന്നീട് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ചെന്നിത്തല എത്തിയിരുന്നില്ല. ജനുവരി രണ്ടിന് നടക്കുന്ന ചടങ്ങിലേക്ക് മറ്റ് പ്രമുഖ നേതാക്കൾക്കാർക്കും ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫിന്‍റെ പരമ്പരാഗത വോട്ടുബാങ്കായ എൻ.എസ്.എസ് വീണ്ടും ചെന്നിത്തലയോട് അടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രാധാന്യമുള്ള നീക്കമാണിത്. അകലാനുണ്ടായ സാഹചര്യം പോസ്റ്റ്മോർട്ടം ചെയ്യാനില്ലെന്നും, എന്നും വഴക്കിട്ടുനിൽക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ താക്കോൽ സ്ഥാന വിവാദമുണ്ടാക്കി എൻ.എസ്.എസ് നിലപാട് സ്വീകരിച്ചിരുന്നു. ഈ പരാമർശത്തെ ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം. 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് ചെന്നിത്തല എൻ.എസ്.എസ് വേദിയിലെത്തുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി എൻ.എസ്.എസ് നല്ല ബന്ധത്തിലല്ല. അതിനിടെയാണ് ചെന്നിത്തലയെ എൻ.എസ്എസ് വീണ്ടും ചേർത്തുപിടിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പരിപാടിയിലേക്ക് ക്ഷണമില്ല.

Previous Post Next Post