നോര്‍ക്ക റൂട്ട്‌സിന്‍റെ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യും...


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ എല്ലാ സേവനങ്ങളും പ്രവാസികള്‍ക്ക് ലഭിക്കുന്ന ഏകജാലക സംവിധാനമാക്കി ലോക കേരളം പോര്‍ട്ടലിനെ മാറ്റുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. അറ്റസ്‌റ്റേഷന്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധികളുമായി തൈക്കാട് നോര്‍ക്ക സെന്‍ററില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും. ഏറ്റവും മികച്ച ഗുണമേന്മയുള്ള സേവനം വേഗത്തില്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പൗരസൗഹൃദ സമീപനമാണ് നോര്‍ക്ക റൂട്ട്‌സ് പുലര്‍ത്തുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്ന് പൊതുഅഭിപ്രായമുണ്ട്.

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ മികച്ച സേവനം പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ ആഗോളതലത്തില്‍ നോര്‍ക്ക റൂട്ട്‌സിന്‍റെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോര്‍ട്ട് സര്‍വീസ്, അറ്റസ്റ്റേഷന്‍, വേരിഫിക്കേഷന്‍, സിറ്റിസണ്‍ സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന വിഎഫ്എസ് ഗ്ലോബല്‍ പ്രതിനിധികള്‍ ഡിജിറ്റലൈസൈഷനുമായി ബന്ധപ്പെട്ട് നല്‍കാവുന്ന വിവിധ സേവനങ്ങള്‍ അവതരിപ്പിച്ചു. വിഎഫ്എസ് ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സര്‍വീസ്-അറ്റസ്‌റ്റേഷന്‍ മേധാവി പ്രണവ് സിന്‍ഹ, ഓപ്പറേഷന്‍സ് മേധാവി ഷമീം ജലീല്‍, ലീഡ് അറ്റസ്റ്റ് മേഹക് സുഖരാമണി, നോര്‍ക്ക ജനറല്‍ മാനേജര്‍ ടി. രശ്മി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Previous Post Next Post