കേരളത്തിലെ വാട്ടര്‍ അതോറിറ്റിക്ക് ഒരു കാര്യത്തിൽ നല്ല ചീത്തപ്പേരുണ്ട്. നല്ല നിലയിൽ ഒരു റോഡ് ടാര്‍ ചെയ്ത് നന്നാക്കിയാൽ അപ്പോള്‍ വെട്ടിപ്പൊളിക്കാൻ എത്തും. ഈ ചീത്തപ്പേര് അടുത്തൊന്നും മാറില്ലെന്നാണ് കൊച്ചിയിലെ ഏറ്റവും പുതിയ സംഭവവും തെളിയിക്കുന്നത്.
വര്‍ഷങ്ങളായി താറുമാറായി കിടക്കുന്ന റോഡായിരുന്നു കൊച്ചിയിലെ തോപ്പുംപടി റോഡ്. കഴിഞ്ഞ ദിവസമാണ് ഇത് ടാര്‍ ചെയ്തത്. അതിനടുത്ത ദിവസം രാവിലെ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിച്ചു. അതോറിറ്റി ഓഫീസിന് തൊട്ടുമുന്നിലുള്ള റോഡ് ആണ് കുഴിച്ചത്. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. റോഡ് കുഴിക്കുന്ന ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു.
‘തെ.. പിന്നെയും പോളിച്ചൂട്ടോ, കൊച്ചിക്കാരുടെ കഷ്ടകാലം’ എന്ന തലക്കെട്ടും നല്‍കി. “ഇത് ക്രൂരകൃത്യം തന്നെ. താറുമാറായ റോഡ് നല്ല രീതിയില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയതാണ്. പിറ്റേന്ന് രാവിലെ തന്നെ സന്തോഷം പോയി. വാട്ടര്‍ അതോറിറ്റി വന്ന് വെട്ടിക്കീറുകയാണ്. എങ്ങനെ ഇത് സഹിക്കും. താമസിയാതെ ഈ ഭാഗം വീണ്ടും പൊട്ടിപ്പൊളിയും.”