മദ്യക്കട കുത്തിത്തുറന്ന് മോഷ്ടിക്കാനെത്തി; ഒടുവിൽ മൂക്കറ്റം കുടിച്ച് കടയ്ക്കുള്ളിൽ ഉറക്കം



പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി തെലങ്കാനക്കാരനായ ഒരാൾ മദ്യശാലയിൽ മോഷണത്തിനായി എത്തുന്നു. മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് പിന്നീട് വലിയൊരു അമളി പറ്റുന്നു. മോഷ്ടിച്ച മദ്യക്കുപ്പികൾ കണ്ട് അയാൾക്ക് ഒരുപക്ഷെ നിയന്ത്രം വിട്ടിട്ടുണ്ടാവാം. പിന്നീടയാൾ നന്നായി മദ്യപിക്കുകയും ബോധരഹിതനായി കടയിൽ തന്നെ വീഴുകയും ചെയ്യുന്നു.

രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. തെലങ്കാനയിലെ മേദക് ജില്ലയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് അജ്ഞാതനായ മോഷ്ടാവ് ‘കനകദുർഗ വൈൻസ്’ എന്ന കടയിൽ മേൽക്കൂര പൊളിച്ച് അകത്ത് കടക്കുകയും സിസിടിവി ക്യാമറ പ്രവർത്തനരഹിതമാക്കിയതിന് ശേഷം മോഷണം നടത്തുകയും ചെയ്തത്. യുവാവിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിവരെയും ഇയാൾ ബോധരഹിതനായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Previous Post Next Post