റോഡരികിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചു. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഇന്ധനമായി ഉപയോഗിച്ചിരുന്ന എൽപിജി സിലിണ്ടറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ഐഷ്ബാഗിലെ ജനവാസ മേഖലയിൽ നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന വാനിനാണ് തീപിടിച്ചത്. പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. തീ പടർന്നുപിടിച്ചതിന് പിന്നാലെ കാറിൽ പൊട്ടിത്തെറിയുമുണ്ടായി. ഇത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. സ്ഫോടന ശബ്ദം നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കി.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടുമില്ല. അതേസമയം ഡ്രൈവർ പരിഭ്രാന്തനായി നിലവിളിച്ചു. സ്ഫോടനത്തിൽ കാർ ഏതാണ്ട് പൂർണമായി കത്തിനശിച്ചു. പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം അജ്ഞാതമാണ്. ഇത് കണ്ടെത്താൻ അന്വേഷണം തുടരുന്നു.