ദൂരസ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നവര്‍ ശ്രദ്ധിക്കണം; റെയില്‍വേയുടെ നിര്‍ണായകമാറ്റം പ്രാബല്യത്തിലായി


തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്ന പേരിലേക്ക് മാറ്റിയ നടപടി അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. സ്റ്റേഷനില്‍ കൊച്ചുവേളി എന്നെഴുതിയിരുന്നത് കഴിഞ്ഞ മാസമാണ് തിരുവനന്തപുരം നോര്‍ത്ത് എന്നതിലേക്ക് മാറ്റിയത്. ഇപ്പോഴിതാ ട്രെയിനുകളിലും ഈ മാറ്റം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് ട്രെയനില്‍ എത്തുന്നവര്‍ക്ക് കൊച്ചുവേളിയെന്ന പേര് തിരുവനന്തപുരം നഗരത്തിലെ സ്ഥലമാണെന്ന് തിരിച്ചറിയുന്നതിനാണ് മാറ്റം കൊണ്ടുവന്നത്.

ഉത്തരേന്ത്യയില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് കൊച്ചുവേളി എന്നാല്‍ തിരുവനന്തപുരത്ത് ആണെന്ന് അറിയാമെങ്കിലും ട്രെയിനില്‍ രേഖപ്പെടുത്തിയിരുന്നത് മാറ്റിയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊച്ചുവേളിക്ക് പുറമേ നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും മാറ്റിയിരുന്നു. രണ്ട് സ്റ്റേഷനുകളുടേയും പേര് മാറ്റണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് മാറ്റം പ്രാബല്യത്തില്‍ വന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍. സെന്‍ട്രലില്‍നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗവും ദീര്‍ഘദൂര ട്രെയിനുകളാണ്. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ളവര്‍ക്കാണ് ഈ മാറ്റം കൂടുതല്‍ ഉപകാരപ്പെടുക.

എന്നാല്‍ സ്റ്റേഷനിലും ട്രെയിനുകളിലും മാറ്റം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇപ്പോഴും കൊച്ചുവേളി എന്ന് തന്നെയാണ് ടൈപ്പ് ചെയ്യേണ്ടത്. സ്റ്റേഷന്‍ കോഡ് ആയി നല്‍കേണ്ടത് കെ.സി.വി.എല്‍ (KCVL) എന്നും തന്നെയാണ്. ഇതും അധികം വൈകാതെ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
Previous Post Next Post