ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎമ്മിൽ കനത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് . സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കിയിട്ടുണ്ട്. മധു സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചതിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും ജോയി അറിയിച്ചു.
അതേസമയം പത്തനംതിട്ടയിൽ വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. മത്സരിച്ച് ജയിച്ച പുതിയ സെക്രട്ടറിയുടെ പേരിൽ പ്രവർത്തകരും അനുഭാവികളും സമൂഹ്മധ്യമങ്ങളിൽ പോരടിക്കുകയാണ്. “മൂടുതാങ്ങികൾക്കും പെട്ടി താങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് ആക്ഷേപം ഉയരുന്നത് “. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിൻ്റെ വിശ്വസ്തൻ ആർ ബി രാജീവ് കുമാറാണ് ഇന്നലെ മത്സരത്തിലൂടെ ഏരിയ സെക്രട്ടറി ആയത്. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നു രാജീവ് കുമാർ.