ആലപ്പുഴ കളർകോട് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ പുരോഗതി. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന 2 പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകൾ. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ദേവാനന്ദ് മലപ്പുറത്തായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. എങ്കിലും ഈ നാട്ടിലുള്ളവരുമായും ദേവാനന്ദ് അടുപ്പം പുലർത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരുമെന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞിരുന്നു. അവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരവുമായാണ് ഒടുവിൽ ദേവാനന്ദ് എത്തിയത്.