പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശിയായ അഭിജിത്ത് ഷാജി(21)യാണ് മരിച്ചത്. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയതിയെന്ന് പോലിസ് പറയുന്നു. വാടകവീട്ടില്‍ താമസിക്കുന്ന അഭിജിത് ക്ലാസിലെ സഹപാഠിയായ 19കാരിയെ വീഡിയോ കോളില്‍ വിളിച്ചുനിര്‍ത്തിയശേഷം കഴുത്തില്‍ കുരുക്കിട്ട് തൂങ്ങുകയായിരുന്നു. വാടക വീട്ടിലെത്തി പെണ്‍കുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ എത്തിയാണ് പോലിസിനെ വിവരം അറിയിച്ചത്. കുമളി സ്വദേശികളായ ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആണ്‍കുട്ടികളോട് പെണ്‍കുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് അഭിജിത് തന്നെ പല തവണ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഒടുവില്‍ വിവരം പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രണയബന്ധത്തില്‍നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണ്.
സഹപാഠിയായ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
Jowan Madhumala
0
Tags
Top Stories