പാഞ്ഞെത്തിയ സ്കൂട്ടർ വയോധികയെ ഇടിച്ച് വീഴ്ത്തി; അപകടമുണ്ടായ ശേഷം സ്കൂട്ടര്‍ യാത്രക്കാരനായ യുവാവും പിന്‍സീറ്റിലിരുന്ന യുവതിയും വാഹനവുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു



റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. അപകടമുണ്ടായ ശേഷം സ്കൂട്ടര്‍ യാത്രക്കാരനായ യുവാവും പിന്‍സീറ്റിലിരുന്ന യുവതിയും വാഹനവുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് തുമ്പറ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. സുശീല റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. റോഡിൽ സുശീല വീണെങ്കിലും സ്കൂട്ടര്‍ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിൽ നിന്നാണ് സ്കൂട്ടര്‍ വന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. തുമ്പറ ക്ഷേത്രത്തിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ സ്കൂട്ടര്‍ ഇടിച്ചത്. ഇവര്‍ക്കൊപ്പം മറ്റു സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടര്‍ സുശീലയെ ഇടിച്ചിടുകയായിരുന്നു.

പിൻസീറ്റിലുണ്ടായിരുന്ന യുവതി ഹെല്‍മറ്റും ധരിച്ചിരുന്നില്ല. അപകടം നടന്ന ഉടനെ യുവതി സ്കൂട്ടറിൽ നിന്ന് ഇറങ്ങി മാറി നിൽക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. ഇതിനിടെയിൽ യുവാവും വാഹനം ഒതുക്കാനെന്ന രീതിയിൽ അരികിലേക്ക് മാറിയശേഷം  സ്കൂട്ടര്‍ മെല്ലേ ഓടിച്ച് നീക്കിയശേഷം യുവതിയെയും കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂട്ടര്‍ ഇടിച്ചശേഷം പിന്‍ സീറ്റിലിരുന്ന യുവതി ആളുകള്‍ കൂടുന്നതിനിടെ  സ്ഥലത്ത് നിന്ന് മാറി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെയും വിളിച്ചുകൊണ്ട് സ്കൂട്ടറിൽ ഇരുവരും പോവുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

Previous Post Next Post