സ്കൂളിൻ്റെ ഒപ്പന ടീമിലെ സ്ഥിരം മണവാട്ടി; വേദനയായി ആയിഷ….



കലോത്സവ വേദിയികളിൽ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. രണ്ടാം ക്ലാസ് മുതൽ കഴിഞ്ഞമാസം ശ്രീകൃഷ്ണപുരത്ത് അവസാനം നടന്ന ജില്ലാ കലോത്സവത്തിൽ വരെ നിരവധി വേദികളിൽ ആയിഷ മണവാട്ടിയായി വേഷമണിഞ്ഞിട്ടുണ്ട്. ഇന്നലെ അപകടത്തിന് ശേഷം ചലനമറ്റു കിടക്കുന്ന തൻ്റെ പ്രിയവിദ്യാർത്ഥിയെ കാണാനെത്തിയ ക്ലാസ് ടീച്ചർ നിത്യ വേദനയോടെയാണ് ആയിഷയെ ഓർമിച്ചത്.

പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു. ഈ മാസം 21നും ഒപ്പനയില്‍ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നു അവളെന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആയിഷയുടെ ക്ലാസ് ടീച്ചര്‍ നിത്യ പൊട്ടിക്കരയുകയായിരുന്നു. സ്‌കൂളിലെ പുതിയ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിരുന്നത് ഈ മാസം 21നായിരുന്നു. ക്രിസ്തുമസ് പരീക്ഷ നടക്കുന്നതിനാൽ ഇന്നലെ ഒപ്പനയുടെ പരിശീലനമുണ്ടായിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു. കുട്ടികളുടെ മൃതേദഹം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയതും ക്ലാസ് ടീച്ചറായ നിത്യ ടീച്ചറായിരുന്നു. ആയിഷ മണവാട്ടിയായ ഒപ്പനയുടെ ദൃശ്യങ്ങൾ ഇതിനകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. മണവാട്ടിയായി വേദിയെ പൊലിപ്പിച്ച ആയിഷയുടെ ദൃശ്യങ്ങളും വേദനയാകുന്നുണ്ട്.

Previous Post Next Post