ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികന്‍ നേരിട്ട് കര്‍ദ്ദിനാള്‍ ആകുന്നത്. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനൊപ്പം മറ്റ് ഇരുപത് പേരും ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയരും. തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 10 മുതല്‍ 12 വരെ നവ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും.
എട്ടിന് ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
പ്രധാനമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, അനില്‍ ആന്റണി, അനൂപ് ആന്റണി എന്നിവരുൾപ്പെട്ട സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എംഎല്‍ എമാര്‍ ഉള്‍പ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്.