തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എൻജിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി.ആർ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കടബാധ്യതയെ കുറിച്ച് പറഞ്ഞപ്പോൾ കോളേജ് സന്ദർശിക്കാം എന്ന് മറുപടി നൽകി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല. സാഹചര്യം കണക്കിലെടുക്കുമ്പോൾ മരിച്ചത് കോളേജ് ഉടമ തന്നെയാകാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.
മരിച്ചത് കോളേജ് ഉടമയാണെന്ന വിലയിരുത്തലിലാണ് പോലീസും. ഡിഎൻഎ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കും. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കൊണ്ടുവന്ന ക്യാനിൻ്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി. ഫോൺ, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു.
ഫോൺ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാൻ ശ്രമം നടത്തിയതായി കരുതുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിൻ്റെ പണിതീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടത്. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.