ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് അവധി




തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ഇന്ന് മുതൽ 13 വരെയാണ് ബീമാപള്ളി ഉറൂസ്.

ഇന്ന് രാവിലെ എട്ടിന് പ്രാർഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും.10.30ന് സമൂഹപ്രാർഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് ജമാഅത്തെ പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.

എട്ടാം തീയതി വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർഥനക്ക് ബീമാ പള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.1.30ന് നഗര പ്രദക്ഷിണം. നാലിന് കൂട്ട പ്രാർഥനക്ക് അബ്ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും.
Previous Post Next Post