കശ്മീരിലെ ഉധംപൂരിൽ പൊലീസുകാരൻ സഹപ്രവർത്തകനെ വെടിവെച്ചു കൊന്ന് സ്വയം ജീവനൊടുക്കി. ഞായറാഴ്ച പുലർച്ച രണ്ട് പൊലീസുകാരും മറ്റൊരു സഹപ്രവർത്തകനും വടക്കൻ കശ്മീരിലെ സോപോറിൽനിന്ന് ജമ്മുവിലെ റിയാസി ജില്ലയിലെ പരിശീലനകേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
രാവിലെ 6.30 ഓടെ ഉധംപൂരിലെ റെഹെംബാൽ ഏരിയയിലെ കാളി മാതാ ക്ഷേത്രത്തിനു സമീപം പൊലീസ് വാനിലാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ മഞ്ജീത് സിങ്ങും ഹെഡ് കോൺസ്റ്റബിൾ മാലികുമാണ് മരിച്ചത്.വാനിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ വാൻ ഓടിച്ചിരുന്ന മഞ്ജീത് സിങ്ങിനെ എ.കെ 47 തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരു സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഉധംപൂർ സീനിയർ പൊലീസ് സൂപ്രണ്ട് അമോദ് അശോക് നാഗ്പുരേ പറഞ്ഞു.