ചടങ്ങിനിടെ തണുത്ത് വിറച്ച് വരൻ ബോധം കെട്ട് വീണു; വിവാഹത്തിൽ നിന്നും പിന്മാറി വധു

അതിശൈത്യത്തെ തുടർന്ന് വിവാഹ ചടങ്ങിനിടെ വരൻ ബോധം കെട്ടു വീണതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഝാർഖണ്ഡിലെ ദേവ്ഘറിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ അങ്കിതയും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്.

വരന്‍റെ നാട്ടിൽ വച്ച് തുറന്ന മണ്ഡപത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിന്‍റെ അവസാനം വധൂവരന്മാര്‍ അഗ്നിക്ക് വലംവെക്കാനൊരുങ്ങവേ അര്‍ണവ് വിറയ്ക്കുകയും ബോധംകെട്ടുവീഴുകയുമായിരുന്നു.

ഉടന്‍തന്നെ അര്‍ണവിനെ ബന്ധുക്കള്‍ സമീപത്തെ മുറിയില്‍ കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കുകയും ഡോക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു. തണുത്ത കാലാവസ്ഥയും ഉപവാസവുമാണ് അര്‍ണവ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് ഡോക്‌ടർ വ്യക്തമാക്കി.

തുടർന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് അർണവിന് ബോധം തിരികെ ലഭിച്ചത്. ഇതോടെ വരന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക തോന്നിയ വധു അങ്കിത വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

മാത്രമല്ല, വരന്‍റെ വീട്ടിലേക്ക് വിവാഹഘോഷയാത്രയായി പോയത് അങ്കിതയുടെ കുടുംബമായിരുന്നു. സാധാരണയായി വരനും കുടുംബവുമാണ് വിവാഹഘോഷയാത്രയുമായി വധൂഗൃഹത്തിലേക്ക് പോവേണ്ടത്. ഇത് എന്തുകൊണ്ട് പാലിച്ചില്ലെന്ന് അങ്കിത ചോദിച്ചത് വരന്‍റെ കുടുംബത്തെ ചോടിപ്പിച്ചു. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പൊലീസ് വിഷയത്തിൽ ഇടപെട്ട് വിവാഹവുമായി മുന്നോട്ടു പോവാൻ അഭ്യർഥിച്ചെങ്കിലും ഇരു കുടുംബവും തയാറായില്ല.
Previous Post Next Post