കോട്ടയം: കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറരുതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം എ യൂസുഫലി. നമ്മുടെ ചെറുപ്പക്കാര്‍ വിദേശത്തേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരെ ഇവിടെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയ വരണം. ചില യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്‌ളോഗര്‍മാരുണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിന് വേണ്ടി ഒന്നും സംഭാവന ചെയ്യാതെ എല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും എം എ യൂസുഫലി പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ സംരംഭം. ഇത് കോട്ടയത്തിനുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണ്. നമ്മുടെ നാടിന്റെ ഉന്നമനത്തിനായി രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ബിസിനസുകാര്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എം എ യൂസുഫലി കൂട്ടിച്ചേര്‍ത്തു.