മോസ്കോ: ഇന്ത്യൻ വിനോദസഞ്ചാരികൾ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം നടത്തി റഷ്യ. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാമെന്നാണ് പ്രഖ്യാപനം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റ് തടസ്സങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വിസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.
വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണിൽ റഷ്യയും ഇന്ത്യയും ചർച്ച നടത്തി. തുടർന്ന് വിസ രഹിത ഗ്രൂപ്പ് ടൂറിസ്റ്റ് എക്സ്ചേഞ്ചുകൾ അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമായും ബിസിനസ്സ്, ജോലി ആവശ്യങ്ങൾക്കാണ് ഇന്ത്യക്കാർ റഷ്യ സന്ദർശിക്കുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് റഷ്യ സന്ദർശിക്കാൻ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് സാധാരണയായി നാല് ദിവസമെടുക്കും. 2024ൻ്റെ ആദ്യ പകുതിയിൽ 28,500 ഇന്ത്യൻ സഞ്ചാരികൾ മോസ്‌കോ സന്ദർശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി എവ്‌ജെനി കോസ്‌ലോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-ലെ ഇതേ കാലയളവിൽ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദർശിക്കാൻ ഇത്തവണയെത്തിയത്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.