സി.പി.എമ്മിൽനിന്ന് ‘ഒതുക്കുന്നവരെ’ ഒപ്പംകൂട്ടാൻ ബി.ജെ.പി…



കായംകുളം : ബിപിന്‍ സി. ബാബുവിനെ സ്വന്തംപാളയത്തില്‍ എത്തിച്ചതിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ അസംതൃപ്തരെയെന്നു സൂചന. സി.പി.എം. ഏരിയ സമ്മേളനങ്ങള്‍ കഴിയുന്നതോടെ പാര്‍ട്ടിയില്‍നിന്ന് ഒതുക്കപ്പെടുന്ന നേതാക്കളെ ഒപ്പംകൂട്ടാനാകുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ഇതിനുള്ള പാലമായി ബിപിന്‍ സി. ബാബു മാറുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.
സംസ്ഥാനനേതൃത്വം നേരിട്ടാണ് ബിപിനുമായി ചര്‍ച്ച നടത്തിയത്. ജില്ലാനേതൃത്വം അവസാനനിമിഷമാണ് ബിപിന്‍ പാര്‍ട്ടിയില്‍ ചേരുന്ന വിവരമറിയുന്നത്. ആര്‍.എസ്.എസ്. നേതാക്കള്‍ക്കും ബിപിനെ പാര്‍ട്ടിയിലെത്തിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പി. വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. സി.പി.എമ്മിലെ അസംതൃപ്തരെക്കൂടി ഒപ്പംകൂട്ടിയാല്‍ ജില്ലയില്‍ കാര്യമായ വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ഇതിനായി ബിപിനെ ചര്‍ച്ചയ്ക്കു ചുമതലപ്പെടുത്തിയേക്കും.

വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എമ്മില്‍നിന്നു ബി.ജെ.പി.യില്‍ ചേരുമെന്നാണ് ബിപിനുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ബിപിന്‍ ബി.ജെ.പി.യില്‍ ചേരുന്നതില്‍നിന്നു പിന്തിരിപ്പിക്കാന്‍ അവസാനനിമിഷവും സി.പി.എം. നേതാക്കള്‍ ഇടപെട്ടിരുന്നു. പത്തിയൂര്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡില്‍ ഞായറാഴ്ച ബിപിന്‍ ബി.ജെ.പി.ക്കായി പ്രചാരണത്തിനിറങ്ങി.
Previous Post Next Post