ചിലവ് ഒഴിവാക്കാൻ സീറ്റുകൾ വീതംവച്ച് സിപിഎമ്മും കോൺഗ്രസും ബിജെപിയും… ആലപ്പുഴയിൽ സി പി എം – സി പി ഐ നേർക്കുനേർ…





കുട്ടനാട്: സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരു തെരഞ്ഞെടിപ്പിന് വേണ്ടി ഒന്നിച്ചുവെന്ന് കേട്ടാൽ വിശ്വസിക്കുമോ? വിശ്വസിച്ചോളൂ, കുട്ടനാട് ഊരുക്കരി സഹകരണബാങ്ക് തെരഞ്ഞെടുപ്പിലാണ് സിപിഎം – കോൺഗ്രസ്‌ – ബി ജെ പി സഖ്യം. ഇടതു മുന്നണി ഭരിക്കുന്ന സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് ചിലവ് ഒഴിവാക്കാനാണ് സീറ്റ് വീതം വച്ചുള്ള സഖ്യത്തിന് തീരുമാനമായത്. ആകെയുള്ള ഏഴു സീറ്റിൽ ബി ജെ പിയ്ക്കും കോൺഗ്രസിനും ഒരു സീറ്റ് വീതമാകും ലഭിക്കുക. ബാക്കിയുള്ള 5 സീറ്റുകൾ എൽ ഡി എഫിന് എന്ന നിലയിലാണ് ധാരണയായത്.

എൽ ഡി എഫിന്‍റെ അഞ്ച് സീറ്റുകളിൽ മൂന്ന് എണ്ണം സി പി എമ്മിനും രണ്ട് സീറ്റ് കേരള കോൺഗ്രസിനും നൽകിയിട്ടുണ്ട്. സി പി ഐക്ക് സീറ്റ് നൽകിയിട്ടില്ല. ഇതേ തുടര്‍ന്ന് സി പി എമ്മിനെതിരെ സി പി ഐ രണ്ട് സ്ഥാനാർഥികളെ നിർത്തി. ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമാണ് സി പി എം – സി പി ഐ നേർക്കുനേർ മത്സരമുണ്ടാകുക.

എന്നാൽ നിലവിൽ ഭരണസമിതിയിൽ അംഗങ്ങൾ ഇല്ലാത്ത സി പി ഐ രണ്ട് സീറ്റ് ആവശ്യപ്പെട്ടത് നൽകാത്തതാണ് സി പി ഐയെ ചൊടിപ്പിച്ചതെന്നാണ് സി പി എമ്മിന്റെ വാദം. കുട്ടനാട്ടിലെ സി പി എം – സി പി ഐ വിഭാഗീയതയുടെ തുടർച്ചയാണ് ഊരുക്കരി സഹകരണബാങ്ക് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ചയാണ് ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുക.
Previous Post Next Post