പലയിടങ്ങളിലും കഞ്ചാവ് നിരോധിച്ചിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളിൽ കഞ്ചാവ് വളർത്തുന്നതിന് നിയമസംരക്ഷണം നൽകുന്നു. ഇത്തരത്തിൽ ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ നിന്നുള്ള രണ്ട് പേര്‍ തങ്ങളുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിന് വളമായി ഉപയോഗിച്ചത് വവ്വാലുകളുടെ കാഷ്ഠമാണ്. ഇത് അവരുടെ ജീവന് തന്നെ ഭീഷണിയായി മാറി. വവ്വാലിന്റെ കാഷ്ഠം വളമാക്കിയതിന് പിന്നാലെ രണ്ടുപേരും അണുബോധയേറ്റ് മരിച്ചു. യുഎസിലെ 24 സംസ്ഥാനങ്ങളില്‍ ഗാര്‍ഗികമായി കഞ്ചാവ് കൃഷി അനുവദനീയമാണ്. വവ്വാലുകളുടെ കാഷ്ഠം കഞ്ചാവ് കൃഷിക്ക് വളമായി ഉപയോഗിച്ച് തുടങ്ങയതും അടുത്തകാലത്താണ്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് ഏറെ ദോഷമുണ്ടാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓപ്പൺ ഫോറം ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിലാണ് റോസെസ്റ്ററിൽ നിന്നുള്ള രണ്ട് പേരുടെ മരണത്തിന് കാരണം വവ്വാലുകളുടെ കാഷ്ഠം വളമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണെന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.
വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. മരിച്ചവരില്‍ 59 കാരനായ ആള്‍ ഓണ്‍ലൈനിലൂടെ വവ്വാലുകളെ വാങ്ങി വളര്‍ത്തിയ ശേഷമാണ് അവയുടെ കാഷ്ഠം ശേഖരിച്ചത്. 64 -കാരനായ രണ്ടാമത്തെയാളാകട്ടെ തന്‍റെ വീട്ടിലെ അടുക്കളയില്‍ സ്ഥിരമായി വാവ്വാലുകള്‍ കാഷ്ഠിക്കുന്നതില്‍ നിന്നുമാണ് വളത്തിനാവശ്യമുള്ളത് ശേഖരിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസ് മനുഷ്യന്‍ ശ്വസിച്ചാല്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത എറെയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
വവ്വാല്‍ കാഷ്ഠം ശേഖരിക്കുന്നതിനിടെ ഇരുവരും ഫംഗസിന്‍റെ ബീജങ്ങൾ ശ്വസിക്കുകയും ഇതിലൂടെ കടുത്ത ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് രോഗം പിടി പെടുകയുമായിരുന്നു. പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ, ശ്വാസകോശ സംബന്ധമായ രോഗബാധ എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ. ഇരുവരെയും ചികിത്സിച്ചെങ്കിലും രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തുടനീളം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വവ്വാല്‍ കാഷ്ഠം വളമായി ഉപയോഗിക്കുമ്പോള്‍ ഉത്പന്നത്തോടൊപ്പം അവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.