കളർകോട് അപകടം…കാറോടിച്ചിരുന്ന മെഡിക്കൽ വിദ്യാർത്ഥിയും പ്രതി…റിപ്പോർട്ട് സമർപ്പിച്ചു…





ആലപ്പുഴ : കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കിയായിരുന്നു ആദ്യ എഫ്ഐആർ. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന മെഡിക്കൽ വിദ്യാർത്ഥി ഗൗരിശങ്കറിനെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസന്വേഷിക്കുന്നത്.

വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും ഗൗരീശങ്കർ മൊഴി നൽകിയിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് തെന്നിമാറിയാണ് ബസിൽ ഇടിച്ച് കയറിയതെന്നും ഗൗരീശങ്കർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ ശക്തമായ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം.

അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിലാണു കൊണ്ടുപോയത്. കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി.

വാഹനമോടിച്ചിരുന്ന ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി. തിങ്കളാഴ്ച രാത്രി അപകടത്തിൽപെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ 11 പേരാണുണ്ടായിരുന്നത്.
Previous Post Next Post