ഇന്ധനവില കൂട്ടി കമ്പനികൾ; വിമാനടിക്കറ്റ് നിരക്കുകൾ വർധിക്കും


ന്യൂഡൽഹി: ഏവിയേഷൻ ഇന്ധനത്തിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ വർധിപ്പിച്ചു. ഒരു മാസത്തിന് ശേഷം വിമാന ഇന്ധന വില 2,941.5 രൂപ ഉയർത്തി. ദില്ലിയിൽ എടിഎഫിന് കിലോലിറ്ററിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് വില. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഇതോടെ വിമാന ടിക്കറ്റിന്റെ വില ഉയരും. 

 ടിക്കറ്റുകളുടെ വില നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ഇന്ധനച്ചെലവ്. ജീവനക്കാരുടെ ശമ്പള, ആനുകൂല്യ ചെലവ് കഴിഞ്ഞാൽ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി വരുന്ന രണ്ടാമത്തെ വലിയ ചെലവാണ് ഇന്ധനം. അതുകൊണ്ടുതന്നെ ഇന്ധനത്തിന് വിലകൂടിയാൽ ടിക്കറ്റ് നിരക്ക് വർധിക്കും.  സർക്കാർ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ എല്ലാ മാസവും ഒന്നാം തീയതി ജെറ്റ് ഇന്ധനത്തിൻ്റെയും പാചക വാതകത്തിൻ്റെയും വിലയിൽ മാറ്റം വരുത്താറുണ്ട്. ഒക്‌ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചതിന് ശേഷം നവംബർ ഒന്നിന് എണ്ണക്കമ്പനികൾ എടിഎഫ് വില ഉയർത്തിയിരുന്നു.  ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽപിജി നിരക്കുകൾ തുടർച്ചയായ അഞ്ചാം തവണയും വർധിപ്പിച്ചു. ഇപ്പോൾ 19 കിലോ സിലിണ്ടറിന് 16.5 രൂപയാണ് ഉയർത്തിയത്. വാണിജ്യ എൽപിജി നിരക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അതേസമയം, ​ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.


Previous Post Next Post