ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ചെന്ന പരാതിയിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. ഭാര്യയുടെ ബന്ധുക്കളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം ഹൃദ്രോഗിയായ വിഷ്ണുവിൻ്റെ മരണത്തിൻ്റെ കാരണം പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
വിഷ്ണുവും ഭാര്യയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിയുന്നത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏൽപിക്കാനാണ് ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടിൽ എത്തിയത്. ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു.
ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവിനെ മാരകമായി മർദ്ദിച്ചെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു. മർദ്ദനമേറ്റ് വിഷ്‌ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാൾ ഹൃദരോഗിയാണെന്നാണ് വിവരം. സംഭവത്തിൽ ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്. വിഷ്ണുവിനെ മർദ്ദിച്ചെന്ന പരാതിയിൽ ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ മൂന്ന് ബന്ധുക്കളാണ് പിടിയിലുള്ളത്. വിഷ്‌ണുവിന്റെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞ് റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുക.