കാറിൽ യാത്ര ചെയ്തിരുന്ന യുവാവിനെ കൂടെ യാത്ര ചെയ്തിരുന്നവർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. യുവാവിന്റെ ഐഫോൺ ഇവർ തട്ടിയെടുക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിൻകര സ്വദേശികളായ സുജിത്ത് (34), ബിനീഷ് (29), പ്രമോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചടയമംഗലം സ്വദേശി ആഷിഖ് ആണ് അക്രമിസംഘത്തിൻറെ മർദനത്തിനിരയായത്. കൂടെ യാത്ര ചെയ്തിരുന്ന ഷാജഹാനെ മർദ്ദിച്ച് കാറിൽ നിന്ന് ഇറക്കിവിട്ട ശേഷമാണ് ആഷിഖിനെ തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലായിരുന്നു സംഭവം. ആഷിഖിൻറെ കഴുത്തിൽ വെട്ടുകത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാറും ഐഫോണും തട്ടിയെടുക്കാനായിരുന്നു ശ്രമം എന്നു പോലീസ് പറഞ്ഞു.
1,10,000 രൂപ വിലയുള്ള ഐഫോൺ തട്ടിയെടുക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ബാലരാമപുരത്തിനു സമീപത്ത് ഞായറാഴ്ച ഉച്ചയോടു കൂടി പ്രതികളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.