അഭിഭാഷകൻ പ്ലസ്ടു വിദ്യാർഥിനിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46) ഒളിവിലാണ്, അറസ്റ്റുചെയ്യാനായിട്ടില്ല.
2023 ജൂൺ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് കുട്ടിയെ അഭിഭാഷകൻ ആദ്യമായി പീഡിപ്പിച്ചത്. കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യംനൽകി. മയങ്ങിയപ്പോൾ പലതവണ ബലാത്സംഗംചെയ്തു. പീഡനദൃശ്യങ്ങളുണ്ടെന്നും പുറത്തുപറഞ്ഞാൽ അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. 2024 ജൂൺ വരെ പീഡനം തുടർന്നു. പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ത്രീയാണ്.
പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്നുള്ള വിവരത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആറന്മുള പോലീസാണ് കേസെടുത്തത്. എസ്.ഐ. കെ.ആർ. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയിൽനിന്ന് പിടികൂടിയത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകൾ പരിശോധിച്ചപ്പോൾ കുട്ടിയെ പ്രതികൾ അവിടങ്ങളിൽ എത്തിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.