തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി. മദ്യനിർമാണ കമ്പനികളുടെ ആവശ്യപ്രകാരം ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ആണ് വില വർധിപ്പിച്ചത്. നാളെ മുതലാകും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.10 രൂപ മുതല്‍ 50 രൂപ വരെ വില വര്‍ധിക്കും. 1500 രൂപയ്‌ക്ക് മുകളിലുള്ള ബ്രാൻഡഡ് വിദേശ മദ്യത്തിന് 100 രൂപയ്‌ക്ക് മുകളില്‍ വര്‍ധനവ് ഉണ്ടാകും. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിക്കുന്നത്.സ്‌പിരിറ്റിന്‍റെ വില വര്‍ധിച്ചതോടെ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് മദ്യ നിര്‍മാണ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ശരാശരി 10% ഒരു കുപ്പിക്ക് വിലവർധിപ്പിക്കാൻ തീരുമാനിച്ചത്. ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യത്തിന് വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെവ്കോ എംഡി എക്സൈസ് മന്ത്രി എംബി രാജേഷിന് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചര്‍ച്ചയിലാണ് മദ്യത്തിന്‍റെ വില കൂട്ടാൻ തീരുമാനമായത്.