ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു...



ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസർവ് ഗാർഡും സിആർപിഎഫും ചേർന്നുള്ള സംയുക്ത സുരക്ഷ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായുള്ള പരിശോധന തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജനുവരി 6ന് ബിജാപൂരിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് 9 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബിജാപൂരിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരുന്നു. മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിൻ്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആർപിഎഫിൻ്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തു. സുരക്ഷാ സേനയ്ക്ക് അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

Previous Post Next Post