കെ.കെ. റോഡിന് കോട്ടയത്ത് സമാന്തരപാത ഒരുങ്ങുന്നു.കൊടുങ്ങൂർ, 14-ാം മൈൽ ,പുളിക്കൽ കവല പാമ്പാടി - എന്നീ ജംഗ്ഷനുകളിൽ പുതിയ ബൈപാസ് നിർമ്മിക്കും !


കോട്ടയം ദേശീയപാത 183 ലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കൊല്ലം ഡിണ്ടിഗൽ ദേശീയ പാതയിൽ (എൻ.എച്ച് 183, കെ.കെ. റോഡ്) പുതിയ ബൈപാസ് നിർമ്മിക്കാൻ കോട്ടയം എം.പി ഫ്രാൻസിസ് ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഏകദേശ ധാരണയായി.

കൊടുങ്ങൂർ, 14-ാം മൈൽ ,പുളിക്കൽ കവല പാമ്പാടി - എന്നീ ജംഗ്ഷനുകളിൽ പുതിയ ബൈപാസ് നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ടായി.

ഇത് സംബന്ധിച്ച പുതിയ രൂപരേഖ തയ്യാറാക്കും.

പുതിയ ബൈപാസ് മണിപ്പുഴയിൽ നിന്നും ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ഈരേക്കടവ് റോഡ് മുന്നോട്ട് നീട്ടി കാക്കൂർ ജംഗ്ഷൻ മുളങ്കുഴ വഴി ദേശീയ പാതയിൽ പ്രവേശിക്കണമെന്ന നിർദ്ദേശവും യോഗം അംഗീകരിച്ചു.

ഈ റോഡ്  ഈരേക്കടവ് നിന്ന് പാടശേഖരത്തിൽ കൂടി തന്നെ കോട്ടയം- കറുകച്ചാൽ, പുതുപ്പള്ളി - മണർകാട്, പുതുപ്പള്ളി -പയ്യപ്പാടി, പയ്യപ്പാടി - കൊച്ചുമറ്റം എന്നീ റോഡുകൾ മറി കടന്ന് പാമ്പാടി 8-ാം മൈലിൽ ദേശീയ പാതയിൽ പ്രവേശിക്കുന്നവിധത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പാമ്പാടി ജംഗ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് വട്ടമലപ്പടിയിൽ തുടങ്ങി കോത്തല 12-ാം മൈലിൽ എത്തുന്ന വിധത്തിലുള്ള പാമ്പാടി ബൈപാസിൻ്റെ സാധ്യത പരിശോധിക്കുവാൻ യോഗത്തിൽ ധാരണയായി.

ദേശീയപാത 183 യിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ.എച്ച് 183) കോട്ടയം നഗത്തിൽ ഉൾപ്പെടെ വിവിധ ടൗണുകളിൽ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചും വളവുകൾ നിവർത്തുന്നത് സംബന്ധിച്ചും ആലോചിക്കുന്നതിനായി ഫ്രാൻസിസ് ജോർജ് എം. പി. വിളിച്ച് കൂട്ടിയ യോഗം കോട്ടയം കളക്ട്രേറ്റിലാണ് നടന്നത്..

ദേശീയപാത വിഭാഗം തയ്യാറാക്കിയ ബൈപാസിൻ്റെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു.

കോട്ടയം നഗര മദ്ധ്യത്തിലൂടെ കടന്നുപോകുന്ന കെ.കെ.റോഡ് വീതി കൂട്ടുമ്പോൾ വലിയ തോതിൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടിവരും.
വ്യാപാര മേഖലയെ ഇത് വലിയ തോതിൽ ബാധിക്കും.അതിനാലാണ് ബൈപാസ് എന്ന നിർദ്ദേശം ഉയർന്ന് വന്നിരിക്കുന്നത്.

കുമളി മുതൽ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതൽ കൊല്ലം വരെ 30 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുവാൻ പ്രയാസമുള്ള മണർകാട് മുതൽ കോടിമത വരെ ഉള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപാസ് എന്ന ആശയം ഉയർന്ന് വന്നിരിക്കുന്നത്.
ബൈപാസിനായി ദേശീയ പാതാ വിഭാഗം ചുമതലപ്പെടുത്തിയിട്ടുള്ള മോർത്ത് ആണ് റോഡിൻ്റെ രൂപരേഖ തയ്യാറാക്കിയത്. പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപരേഖയിൽ മാറ്റം വരുത്താൻ യോഗം തീരുമാനിച്ചു.

12.600 കിലോമീറ്റർ ദൂരവും 30 മീറ്റർ വീതിയുമാണ് റോഡ് 7 കിലോമീറ്ററും പാടശേഖരത്തിലൂടെയാണ് കടന്നുപോകുന്നത്.

ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത്  അംഗം രാധാ വി. നായർ, ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ് സി., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 
എ.എസ്.സുര, അസിസ്റ്റൻ്റ്    എഞ്ചിനീയർ അരവിന്ദ് കെ.എം. എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post