നൊമ്പരമായി സൗദിയിലെ മലയാളിയുൾപ്പടെയുള്ള 15 പേരുടെ മരണം. സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ തൊഴിലാളികൾ സഞ്ചരിച്ച ബസിലേക്ക് ട്രെയിലർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അറാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച 15 പേരും ജുബൈൽ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്.
കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അരാംകോ പ്രൊജക്ടിലെ ജോലിസ്ഥലത്തേക്ക് 26 തൊഴിലാളികളുമായി പോകുകയായിരുന്ന എ.സി.ഐ.സി സർവിസ് കമ്പനിയുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പൂർണമായി തകർന്ന മിനി ബസിൽനിന്നും സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങളും ഒപ്പം പരിക്കേറ്റവരെയും പുറത്തെടുത്തത്. സംഭവസ്ഥലത്ത് തന്നെ 15 പേർ മരിക്കുകയായിരുന്നു.