കൊച്ചി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഒരാവശ്യവുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. ജയില്‍ ജീവിതം എങ്ങനെ എന്നറിയാന്‍ ജയിലില്‍ കിടക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കേരള പൊലീസ് അന്ന് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം അംഗീകരിച്ചില്ല. വെറുതെ ഒരാളെ ജയിലില്‍ അടയ്ക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസ് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്.
പിന്നീട് 2018 ല്‍ തെലങ്കാനയുടെ ഫീല്‍ ദി ടൂറിസം പദ്ധതി വന്നതോടെ സംഗറെഡി ഹെറിറ്റേജ് ജയിലില്‍ കഴിയാന്‍ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചു. 500 രൂപ ഫീസ് അടച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഫീല്‍ ദി ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായത്. അന്ന് തടവുകാരെ പോലെ വേഷം ധരിച്ച്, അവര്‍ കഴിക്കുന്ന ഭക്ഷണവും കഴിച്ച്, തടവുകാര്‍ക്ക് ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള ജോലിയും ചെയ്താണ് ബോബി ചെമ്മണ്ണൂര്‍ ആഗ്രഹം നിറവേറ്റിയത്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹമാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. അന്ന് കാശ് കൊടുത്ത് ജയില്‍ ജീവിതം ആസ്വദിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് സ്വന്തം തെറ്റിനാല്‍ ജയിലില്‍ എത്തിയിരിക്കുകയാണ്.