ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് പുതിയ ഉയരങ്ങളിലേയ്ക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ വന്ദേ ഭാരത് സ്ലീപ്പർ ട്രയിനിന്റെ ട്രയൽ റൺ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വന്ദേ ഭാരത് മണിക്കൂറിൽ 180 കിലോ മീറ്റർ വേഗതയിൽ കുതിച്ചുപായുന്നത് കാണാം.
വന്ദേ ഭാരതിന്റെ ഈ വേഗത യാത്രക്കാരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്. എന്നാൽ, വേഗതയ്ക്കുമപ്പുറം മറ്റൊരു കാഴ്ചയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി പുറത്തുവിട്ട വീഡിയോയിൽ ട്രെയിനിന്റെ വേഗത 180 കി.മീ വരെ എത്തുന്നത് കാണാം. മൊബൈലിലാണ് വേഗത റെക്കോർഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ മൊബൈൽ ഫോണിന് സമീപത്ത് നിറഞ്ഞു തുളുമ്പിയ ഒരു ഗ്ലാസ് വെള്ളവും കാണാം. ഇത്രയേറെ വേഗത്തിൽ കുതിച്ചു പാഞ്ഞിട്ടും ഗ്ലാസിലെ വെള്ളം ഒരു തുള്ളിപോലും പുറത്തേയ്ക്ക് വീണില്ല എന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. വേഗതയിലുള്ള യാത്രയ്ക്കിടയിലും ട്രെയിനിന്റെ സ്ഥിരത നഷ്ടമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.