ഹൈസ്‌പീഡ് റെയിൽ ...അബുദാബിയിൽ നിന്നും ദുബായ് വെറും 30 മിനിറ്റിലെത്താം..! നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറും വേണ്ടി വരുന്നിടത്ത് അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ യാത്രാ സമയം 30 മിനിറ്റായി കുറയും ..



അബുദാബി അബുദാബിയിൽ നിന്ന്
ദുബായിലേക്ക് അരമണിക്കൂറിനകം എത്താൻ സഹായിക്കുന്ന ഹൈസ്‌പീഡ് റെയിൽ പദ്ധതി ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കാറിൽ ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറുമെടുക്കുന്നതാണ് അതിവേഗ റെയിൽ സൗകര്യം വരുന്നതോടെ 30 മിനിറ്റായി കുറയുക.

ഇത്തിഹാദ് റെയിലിൻ്റെ പാസഞ്ചർ റെയിൽ ഈ വർഷം സർവീസ് നടത്താനിരിക്കെയാണ് അതിവേഗ പാതയുടെ പ്രഖ്യാപനം. പ്രധാന നഗരങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ പായുക
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബി അൽഫായ ‌സ്റ്റേഷനിലായിരുന്നു പ്രഖ്യാപനം.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിലെ ആദ്യ സ്‌റ്റേഷനുകളും പ്രഖ്യാപിച്ചു. അതിവേഗ പാതയിലെ സ്‌റ്റേഷനുകളെ മെട്രോ, ബസ് സ്‌റ്റേഷനുകളുമായും ബന്ധിപ്പിക്കും. സാധാരണ ട്രെയിൻ ടിക്കറ്റിനേക്കാൾ കൂടുതലായിരിക്കും നിരക്കെന്നാണ് സൂചന. എന്നാൽ, അത് എത്രയാണെന്നോ, സർവീസ് എന്ന് തുടങ്ങുമെന്നോ വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ, അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. അതു യാഥാർഥ്യമാകുന്നതോടെ ഒന്നര മണിക്കൂറിൽ അബുദാബിയിൽനിന്ന് ഒമാനിലെത്താനാകും. അൽഐനിൽനിന്ന് സോഹാറിലെത്താൻ 47 മിനിറ്റും മതി.
Previous Post Next Post