കനത്ത മൂടൽ മഞ്ഞ് കാരണം ദില്ലിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നുവെന്ന് ഇന്ത്യൻ റെയിൽവേ. ഗോർഖ്ധാം എക്സ്പ്രസ് (12555), പുരുഷോത്തം എക്സ്പ്രസ് (12801), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.
ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം, രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്കുകൾ പ്രകാരം ദില്ലിയിലെ വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 8 മണിക്ക് 340 ആയാണ് രേഖപ്പെടുത്തിയത്.
വർധിച്ചു വരുന്ന തണുപ്പിൽ നിന്ന് രക്ഷനേടാൻ ഭവനരഹിതരായ ആളുകൾ രാത്രി അഭയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഭവനരഹിതർക്ക് അഭയം നൽകുന്നതിനായി ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് (DUSIB) 235 ടെൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും നൈറ്റ് ഷെൽട്ടറുകളുമുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജനുവരി 20ന് ശേഷം ഉത്തരേന്ത്യയിൽ തണുപ്പ് കുറയാൻ സാദ്ധ്യതയുണ്ട്.