ബെംഗളൂരു : ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കോടതി. കർണാടക ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച് നൽകിയ ഹർജിയാണ് തള്ളിയത്.
തൊണ്ടി മുതൽ തമിഴ്‌നാട് സർക്കാരിന് വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്.