വീട്ടിൽ അതിക്രമിച്ചു കയറി അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്നു; പുന്നപ്രയിലെ മോഷണ കേസിലെ പ്രതികൾ പിടിയിൽ



അമ്പലപ്പുഴ പുന്നപ്ര തൂക്കുകുളം ഭാഗത്ത് മോഷണം നടത്തിയ കേസിലെ പ്രതികളായ ഉത്തർപ്രദേശിലെ ജാൻപൂർ സ്വദേശികൾ പിടിയിൽ. ആശിഷ് കുമാർ (47), ഇയാളുടെ അച്ഛൻ ശോഭനാഥ് ഗുപ്ത (72) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബർ 14-നാണ് കേസിന് ആസ്പദമായ മോഷണം നടന്നത്. തൂക്കുകുളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവിടുത്തെ യുവതിയുടെയും യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആഭരണങ്ങൾ മോഷണം ചെയ്യുകയായിരുന്നു. കുറുവാ സംഘം മോഷണം നടത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്. പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. കേസിലെ പ്രതിയായ ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്പ്റ്റോ ജോൺ, എസ് .ഐ രെജിരാജ്, എ.എസ്.ഐ അനസ്, എസ്.സി.പി.ഒ അബൂബക്കർ സിദ്ദിഖ്, സി.പി.ഒ ജിനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Previous Post Next Post