പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഹാജരാകും. നടി ഹണി റോസിനെതിരെ നടത്തിയത് ദ്വയാർത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുൻകൂർ ജാമ്യമെടുക്കാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി കൂട്ടിച്ചേർത്തു.
കേസിലെ പരാതിക്കാരിയായ നടി ഹണിറോസിന്റെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ബോബി ചെമ്മണൂർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ.