'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളത് കേരളത്തിൽ'; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പി.രാജീവ്



'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളത് കേരളത്തിൽ'; നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പി.രാജീവ്

ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി. രാജീവ്. നേരത്തെ ഇക്കാര്യത്തിൽ കേരളത്തിന്‍റെ സ്ഥാനം 20 ആയിരുന്നെങ്കിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ നിക്ഷേപങ്ങൾക്ക് പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്നും വലിയ അവസരമാണ് തുറക്കുന്നതെന്നും ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടത്തിയ റോഡ് ഷോയിൽ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളത് കേരളത്തിലാണ്. ശുദ്ധ വായു നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. മനസ്സ് നിറഞ്ഞ് ഒന്ന് ദീർഘ ശ്വാസമെടുക്കാൻ വ്യവസായികൾക്ക് കേരളത്തിലേക്ക് വരാം. രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും 'മാസ്ക്' ധരിച്ച് പോകേണ്ട സ്ഥിതിയാണ്. എന്നാൽ കേരളത്തിലെ അന്തരീക്ഷ വായുവിന്‍റെ ഗുണ നിലവാരം മികച്ചതാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിക്ഷേപ അന്തരീക്ഷത്തിന്‍റെ ഗുണവശങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് അന്തരീക്ഷ വായുവിന്‍റെ ഗുണങ്ങളെക്കുറിച്ച് മന്ത്രി വാചാലനായത്.
കേരളം വ്യവസായത്തിന് അനുയോജ്യമല്ല എന്നുള്ള ധാരണ മാറിയിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ തൊഴിൽ സമരങ്ങൾ കൂടുതലാണെന്ന ആക്ഷേപമുണ്ട്. എന്നാൽ തൊഴിൽ സമരങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ സമരങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കേരളം ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പല മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. കേന്ദ്ര സർക്കാരിന്‍റെ കണക്കനുസരിച്ച് എം എസ് എം ഇ കളിൽ 40 ശതമാനമാണ് വനിതാ പങ്കാളിത്തം. അഭിമാനകരമായ ഈ നേട്ടത്തിന്റെ പേരിൽ യു എസ് സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ടേഷൻ കോൺഫ്രൻസിലേക്ക് കേരളത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മലയാളി വ്യവസായികൾക്കൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് പ്രമുഖരെയും കേരളത്തിൽ നിക്ഷേപം നടത്താൻ മന്ത്രി ക്ഷണിച്ചു. ഇൻവെസ്റ്റ് കേരള ഉച്ചകോടി ഇന്ത്യ - യുഎഇ ബന്ധം കൂടുതൽ സുദൃഢമാകുന്നതിന് സഹായകരമാകുമെന്ന് യു എ ഇ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ്‌ സുധീർ പറഞ്ഞു. യുഎഇ യിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ സാന്നിദ്ധ്യം ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് ഊർജ്ജമേകുമെന്നും സഞ്ജയ്‌ സുധീർ വ്യക്തമാക്കി.


കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകൻ ആയതിൽ സന്തോഷമുണ്ടെന്ന് റോഡ് ഷോയിൽ സംസാരിച്ച ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. നിക്ഷേപകർക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസംസ്കരണം, ടൂറിസം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷപത്തിനുള്ള വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ആധുനിക സൗകര്യങ്ങളോടെ കളമശേരിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് യുസഫ് അലി അറിയിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലുഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദ്, ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയർ ചെയർമാൻ ആസാദ് മൂപ്പൻ, അബ്ദുൾ വഹാബ് എം.പി, ഐ.ബി.പി.സി. ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, വികെഎൽ ഹോൾഡിങ് കമ്പനി ചെയർമാൻ വർഗീസ് കുര്യൻ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു
Previous Post Next Post