കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം ഉണ്ടായി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. പള്ളിക്കകത്ത് പ്രാർത്ഥന ഹാളുകളിലും ലൈബ്രറിയിലുമാണ് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്.
ഹിലാലി, മദീന, ഷുഹാദ ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. അപകട സമയത്തു പള്ളിയുടെ അകത്ത് ചില ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഒഴിപ്പിച്ച ശേഷമാണ് തീയണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.പള്ളിയുടെ 400 ചതുരശ്ര മീറ്റർ സ്ഥലം കത്തി നശിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം ആരംഭിച്ചു. മലയാളികൾ ഉൾപ്പെടേ ആയിരക്കണക്കിന് ക്രിസ്ത്യൻ വിശ്വാസികൾ പ്രാർത്ഥനക്ക് എത്തുന്ന ദേവാലയമാണ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്.