ഭൂമിയുടെ റീസര്‍വേയുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ലാൻഡ് സര്‍വേ ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി. ഉള്ളിയേരി പഞ്ചായത്തിലെ ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വേയറായ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ സ്വദേശി എന്‍കെ മുഹമ്മദി(56) നെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അഞ്ച് ഏക്കര്‍ 45 സെന്‍റ് ഭൂമി റീസര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപയാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉള്ളിയേരി ടൗണിലുള്ള ബേക്കറിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മുഹമ്മദ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇദ്ദേഹത്തിനെതിരെ ഇതിന് മുന്‍പും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. താലൂക്ക് സര്‍വെയര്‍ ആയിരിക്കുന്ന സമയത്ത് വനം സര്‍വെയിലും മറ്റും നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചതോടെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ സെല്‍ വീട്ടില്‍ പരിശോധന നടത്തി നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കളുടെ രേഖകളും വനം വകുപ്പ്, റവന്യൂ വകുപ്പ് ഓഫീസര്‍മാരുടെ പേരിലുള്ള സീലുകളും കണ്ടെടുത്തിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് അന്ന് വിജിലന്‍സ് നടപടി എടുത്തിരുന്നത്. പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും സര്‍ക്കാര്‍ ഓഫീസുകളുടെ സീലുകള്‍ ദുരുപയോഗം ചെയ്ത കേസിലും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പു തല നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എ കെബിജു, നോര്‍ത്തേണ്‍ റേയ്ഞ്ച് ഡിവൈ എസ്പി ശിവപ്രസാദ്, സിഐ മാരായ കെകെ ആഗേഷ്, എന്‍വി വിനോദ്, എസ്‌ഐ മാരായ സുജിത്ത്, സന്തോഷ് കുമാര്‍, ഷിനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ അബ്ദുല്‍സലാം, ശ്രീകാന്ത്, വിനു, രൂപേഷ്, സുശാന്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഹമ്മദിനെ വലയിലാക്കിയത്.