കാട്ടുപന്നി ശല്യം: കർഷകർ കൃഷി ഉപേക്ഷിക്കുന്നു


അങ്കമാലി: കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയായി കാട്ടുപന്നികളുടെ എണ്ണം പെരുകുന്നത് ആശങ്കാജനകമാണെന്ന് കർഷകർ. കാട്ടുപന്നികളുടെ ശല്യം മൂലം കേരളത്തിൽ വാഴ, കിഴങ്ങുവർഗ കൃഷി ഏതാണ്ട് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി വാഴ, കിഴങ്ങുവർഗ കൃഷിയിൽ ഗണ്യമായ കുറവാണുണ്ടായത്.

കാർഷികോത്പന്നങ്ങൾ സംഭരിക്കുന്നതിനും ഹോർട്ടികൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച പങ്കാളിത്ത മാതൃകയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സ്ഥാപനങ്ങളിൽ പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ, ഏത്തക്കായ, കപ്പ എന്നിവയുടെ വില ഇരട്ടിയിലധികമായി.

കാട്ടുപന്നികളുടെ ശല്യമാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഭക്ഷണശീലത്തിനും സമൃദ്ധമായ പ്രജനനത്തിനും പേരുകേട്ട ഈ മൃഗങ്ങൾ സംസ്ഥാനത്തിന്‍റെ കാർഷിക മേഖലയ്ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികൾ കർഷകരെയും റബർ ടാപ്പിങ് തൊഴിലാളികളെയും ആക്രമിക്കുകയും, റോഡ് അപകടങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

കർഷകരെ ആക്രമിക്കുകയും, വിളകളും ആവാസവ്യവസ്ഥയും നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടുന്നതിനുള്ള അധികാരം വനപ്രദേശങ്ങളോടു ചേർന്ന ഗ്രാമങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് വൈൽഡ്‌ലൈഫ് വാർഡന്‍റെ അധികാരത്തിൽ സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ, അടുത്ത കാലത്തായി വനം വകുപ്പ് നടത്തുന്ന പരിശോധനകളിൽ കാട്ടുപന്നി ശല്യം സംബന്ധിച്ച പരാതികൾ ഇല്ല എന്ന നിലയിൽ റിപ്പോർട്ടുകൾ തയാറാക്കുന്നതായി കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയെഷൻ (കിഫ) പറയുന്നു. ഈ റിപ്പോർട്ടുകൾ കാരണം, കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് മേയ് മാസത്തോടെ പിൻവലിക്കാനുള്ള നീക്കങ്ങൾ ശക്തമായിട്ടുണ്ട്.

വനം വകുപ്പ് തലത്തിലുള്ള ഈ തീരുമാനം കർഷകരെയും കർഷക സംഘടനകളെയും ആശങ്കപ്പെടുത്തുന്നതാണ്. കാട്ടുപന്നി ശല്യം ഇപ്പോഴും ഗുരുതര പ്രശ്‌നമായി തുടരുന്ന സാഹചര്യത്തിൽ, ഈ തീരുമാനം കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കിഫ ഭാരവാഹികൾ പറയുന്നു.

കർഷകർ, കർഷക സംഘടനകൾ, പാടശേഖര സമിതികൾ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജില്ലാ കലക്റ്റർ, ജനപ്രതിനിധികൾ എന്നിവർക്ക് കാട്ടുപന്നി ശല്യം സംബന്ധിച്ച പരാതികൾ നൽകാനും കിഫ ആഹ്വാനം ചെയ്യുന്നു. കഴിയുന്നത്ര പരാതികൾ ജനുവരിയിൽ തന്നെ നൽകാനാണ് ശ്രമിക്കുക. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ, മേഖലകളിലെ ജനപ്രതിനിധികളെക്കൊണ്ട് നിയമസഭയിൽ ഈ വിഷയം ഉന്നയിപ്പിക്കാനും കർഷകർ പദ്ധതിയിടുന്നു.

കാട്ടുപന്നി ശല്യം കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. വ്യാപകമായ പരാതികൾ ലഭിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന്‍റെ ഗൗരവം നിലനിൽക്കുന്ന വിഷയം അവഗണിക്കാൻ സാധിക്കാത്ത തരത്തിൽ അധികൃതർക്ക് മനസിലാക്കാൻ സാധിക്കൂ. അതിനാൽ, കാട്ടുപന്നി ശല്യം തുടരുന്നിടത്തോളം കാലം പരാതികൾ നൽകുന്നത് തുടരണമെന്നും കിഫ ഭാരവാഹികൾ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
Previous Post Next Post