ഭാവനയിലെ 'നോട്ട് നിരോധനം': പരസ്യത്തിനെതിരേ വ്യാപാരികൾ നിയമ നടപടിക്ക്പരസ്യം ഭാവനയിൽ സൃഷ്ടിച്ചത് എന്ന വ്യാജേന, സർക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്തെന്ന് ആരോപണം


കൊച്ചി: സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജിൽ നൽകിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തിൽ വരുന്നു എന്ന വാർത്ത വന്നത് സാമ്പത്തിക കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്‍റും, കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.

ഭാവനയിൽ സൃഷ്ടിച്ചത് എന്ന പേരിൽ, സർക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രതിപക്ഷ നേതാവിന്‍റെ ഓഫിസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിച്ചും നൽകപ്പെട്ട പരസ്യത്തിന്‍റെ പേരിൽ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആശങ്കകൾ ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളെ സാക്ഷികളാക്കി, പരസ്യം നൽകിയ യൂണിവേഴ്സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കുന്ന കേരളീയ സമൂഹത്തോട് പുലർത്തേണ്ട ഉത്തരവാദിത്വം ഈ പരസ്യത്തിലൂടെ മാധ്യമങ്ങൾ ഒരു പരിധിവരെ മറന്നുപോയി എന്നു മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ മേലുള്ള വിശ്വാസം വായനക്കാർക്കിടയിൽ നിലനിർത്താൻ, ഇത്തരം പരസ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും മാധ്യമങ്ങൾ മനസിലാക്കുമെന്നു വിശ്വസിക്കുന്നു. വാർത്തകളുടെ രൂപത്തിൽ പരസ്യങ്ങൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്യവും വാർത്തയും പ്രത്യേകമായി തിരിച്ചറിയാൻ കഴിയുന്ന ഫോർമാറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഇത്തരം ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ സാധിക്കും എന്നും എസ്.എസ്. മനോജും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീറും പറഞ്ഞു.
Previous Post Next Post