തെക്കൻ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വടക്ക് താപനില ഉയരും


തിരുവനന്തപുരം: തെക്കൻ കേരളത്തിനു മുകളിലെ ചക്രവാതചുഴിയുടെയും കാറ്റിന്‍റേയും സ്വാധീനത്താൽ ഫെബ്രുവരി 2 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് ആളുകൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

മധ്യകേരളത്തിലും നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് മധ്യകേരളത്തിലൂടെയും തെക്കൻ കേരളത്തിലൂടെയും കടന്നുപോകുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Previous Post Next Post