തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എഞ്ചിനിയിറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ജനുവരി 18നും 26 നും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനും ഇടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 18,19,25,26 എന്നീ തീയ്യതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.
മാറ്റങ്ങള്‍
ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ (16127) ജനുവരി 18 നും 25 നും ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22639) 18, 25 തിയ്യതികളില്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ (16342) 18 നും 25 നും എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കരൈക്കലില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്സ്പ്രസ് (16187) പാലക്കാട് വരെയാണ് യാത്ര ചെയ്യുക. പാലക്കാട് നിന്ന് എറണാകുളത്തേക്ക് തുടര്‍ യാത്ര ഇല്ല. മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.